Sunday, 23 December 2012

സുപ്രീം കോര്‍ട്ടിലെ തീര്‍പ്പാകാത്ത കേസുകള്‍


വാക്കുതര്‍ക്കം മൂത്ത്  ഒടുവില്‍ പ്രശ്നം ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട്  അയാള്‍  വിളിച്ചു പറഞ്ഞു- 
''നീ ജയിച്ചെന്നു കരുതി സന്തോഷിക്കേണ്ട. ശരിയേത് തെറ്റേതെന്നൊക്കെ നിശ്ചയിക്കാന്‍ മുകളില്‍ ഒരാളിരിപ്പുണ്ട്‌. ആ  ദൈവം നിന്നെ ശിക്ഷിക്കും നോക്കിക്കോ''  
അപ്പോള്‍ ദൈവം അയാളുടെ ചെവിയില്‍  മന്ത്രിച്ചു .
 ''അബദ്ധം വിളിച്ചുപറയാതെടോ!
ഇപ്പത്തന്നെ ഒരുപാട് കേസ്  പെന്റിങ്ങിലാ''. 






Monday, 12 November 2012

ഉപകാരസ്മരണ



ന്റെ ഭാര്യയെ
തട്ടിക്കൊണ്ടുപോയ
പ്രിയ കൂട്ടുകാരാ!
താങ്കൾ എന്റെ  
ആത്മാർത്ഥ സുഹൃത്തു തന്നെ!
ഫ്രണ്ട് ഇൻ നീഡ്
ഈസ് ഫ്രണ്ട് ഇൻഡീഡ്




Sunday, 28 October 2012

നാക്കിനോട്

പല്ലുകൾ ചേർന്നു പറഞ്ഞു - നാവേ!
ഇല്ല നിനക്കൊരു ചൊല്ലുവിളി
എല്ലില്ലെങ്കിലുമെന്തൊരഹമ്മതി
പല്ലുകൾ കാവലിരുന്നിട്ടോ?
ചൊല്ലരുതാത്തതു ചൊന്നാലയ്യോ!
പല്ലു കൊഴിക്കും നാട്ടാര്
നല്ലതു മാത്രം ചൊല്ലുക നാവേ!
തല്ലുപിടിക്കാൻ വയ്യല്ലോ.

അവലംബം -ഒരു സംസ്കൃതശ്ലോകം









Friday, 5 October 2012

എണ്ണപ്പാടങ്ങൾ വറ്റി വരളുന്നു



പ്രാണനാഥാ!
അങ്ങിനിയും വരാത്തതെന്തേ?
ഞാൻ കണ്ണിലെണ്ണയൊഴിച്ച്
കാത്തിരിക്കുകയാണ്.
വൈകാതെ വരണേ!
എണ്ണ കഴിയാറായിരിക്കുന്നു




Saturday, 29 September 2012

വീക്ഷണകോണം


അങ്ങയുടെ
കാഴ്ചശക്തി അപാരം തന്നെ
ഈ കനത്ത ഇരുട്ടിലും
ഞാനൊരു സുന്ദരിയാണെന്ന്
അങ്ങ് തിരിച്ചറിഞ്ഞുവല്ലോ?






Tuesday, 25 September 2012

ഔപചാരികം

ഔപചാരികം

ട്ടണത്തിന്റെ  
ഒരു ഒഴിഞ്ഞ കോണിൽ
അന്നും തസ്ക്കരന്മാർ കണ്ടുമുട്ടി.
പിരിയുമ്പോൾ അവർ 
ഔപചാരികതകൾ മറന്നില്ല.
"ശരി സുഹൃത്തേ! വീണ്ടും കാണാം
നാളെ ഇതേ സ്ഥലത്ത്
 കറന്റുകട്ടിൻറെ നേരത്ത്".


Sunday, 16 September 2012

കൊതുകുകളെ എങ്ങനെ ഗ്രേഡു ചെയ്യാം?



ചൈനേന്റെ ബാറ്റിനെയും
ഫാനിന്റെ കാറ്റിനെയും ഭേദിച്ച്
കൊതുകുതിരിയുടെ നാറ്റം സഹിച്ച്
കൊതുകുവലയുടെ ഗ്യാപ്പും ഗ്രഹിച്ച്
ലക്ഷ്യത്തിലെത്തി രക്തം കുടിച്ച്
അടി കൊള്ളാതെ രക്ഷപ്പെടുന്ന കൊതുകൾക്ക്
'എ പ്ലസ് ' തന്നെ കൊടുക്കണം.

പ്രതിബന്ധങ്ങളൊന്നുമില്ലാത്ത
സാഹചര്യം തിരിച്ചറിഞ്ഞ്
അവസരം നോക്കി ലക്ഷ്യത്തിലെത്തി
തന്ത്രപൂർവം ചോര കുടിച്ച്
സുരക്ഷിതരായി മടങ്ങുന്ന
കൊതുകുകൾക്ക് 'എ' ഗ്രേഡ് കൊടുക്കാം.

തടസ്സങ്ങളെ സധൈര്യം അതിജീവിച്ച്
എങ്ങനെയും ലക്ഷ്യത്തിലെത്തി
രക്തം കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും
അടി കൊള്ളാതെ ജീവൻ നിലനിർത്തുന്ന
കൊതുകൾക്ക്
നിസ്സംശയം 'ബി പ്ലസ് ' നല്കാവുന്നതാണ്.

ഏതു പ്രതികൂല സാഹചര്യത്തെയും
ബുദ്ധിപൂർവം തരണം ചെയ്ത്
ലക്ഷ്യത്തിലെത്തി ചോര കുടിച്ച്
അടികൊണ്ടിട്ടും ചാകാതെ
രക്ഷപ്പെടുന്ന കൊതുകുകൾക്ക്
'ബി' ഗ്രേഡിന് തീർച്ചയായും അർഹതയുണ്ട്.

വിഘ്നങ്ങളെയെല്ലാം മറികടന്നു ചെന്നിട്ടും
രക്തം കുടിക്കാൻ കഴിയാതെ
അടി കൊണ്ട് വീരമൃത്യു വരിക്കുന്ന
കൊതുകുകൾക്ക് നല്കാവുന്നത്
ആദരാഞ്ജലികളാണ്.
വേണമെങ്കിൽ
മരണാനന്തര ബഹുമതിയായി
'സി പ്ലസ് ' ഗ്രേഡും നല്കാവുന്നതാണ്.