ധർമ്മപുത്രരും അർജുനനും നകുലനും സഹദേവനും ഊണു കഴിച്ചു.
ഭീമനും വിസ്തരിച്ചുണ്ടു.
ഭീമനും വിസ്തരിച്ചുണ്ടു.
കണവന്മാരുടെ കൂർക്കംവലി കേട്ടുകൊണ്ട് പാഞ്ചാലിയും ഊണു കഴിച്ചു.
എല്ലാം കഴിഞ്ഞ് പാഞ്ചാലി പാവം! ഒറ്റയ്ക്ക് പാത്രം കഴുകാനിരിക്കുമ്പോൾ അതാ! കോളിംഗ് ബെല്ലടിക്കുന്നു. കണവന്മാരെല്ലാം ഞെട്ടിയുണർന്നു.
ബെല്ലടിയുടെ സ്റ്റൈൽ കേട്ടപ്പോൾത്തന്നെ മനസ്സിലായി വന്നിരിക്കുന്നത് ഉഗ്രമൂർത്തികളായ വി.ഐ.പി കൾ ആരോ ആണെന്ന്.
കതകു തുറന്നപ്പോൾ അതാ! നില്ക്കുന്നു മുന്നിൽ! മൂക്കത്തു ശുണ്ഠിയുള്ള മുനിയും ശിഷ്യന്മാരും. ഊരു ചുറ്റി വിശന്നു വരികയാണ്. പെട്ടെന്ന് ഊണു വേണമത്രേ!
കോന്തന്മാർക്കെല്ലാവർക്കും പരിഭ്രമമായി. എന്നിട്ടും പഞ്ചാലിക്കു നോ ടെൻഷൻ.
""ആട്ടെ! എല്ലാവരും കുളിച്ചു വന്നോളൂ!'' അതു പറയുമ്പോഴും അവളുടെ മുഖം പ്രസന്നമായിരുന്നു. ആ മുഖസൗന്ദര്യത്തിൻറെ രഹസ്യം ആർക്കും പിടി കിട്ടിയില്ല.
കുളിച്ചെന്നു വരുത്തി കോപം മൂക്കത്തെടുത്തു വച്ച് മുനി വന്നു. പിന്നാലെ ശിഷ്യന്മാരും.
മുനിയുടെ മുൻവിധികളെല്ലാം തെറ്റി. വരുമ്പോൾ മീൽസ് റെഡി.
കുശാലായി എല്ലാം കഴിച്ച് ഏമ്പക്കമിട്ട് എഴുന്നേല്ക്കുമ്പോൾ എല്ലാവർക്കും എന്തെന്നില്ലാത്ത അദ്ഭുതം.
ഇതെങ്ങനെസാധിച്ചു?
സൂത്രത്തിൽ അടുക്കളയിലേയ്ക്കൊന്ന് എത്തി നോക്കിയ മുനിക്കു കാര്യം പിടി കിട്ടി.
'സോളാർ പ്രഷർകുക്കർ'
"കൊള്ളാമല്ലോ! പ്രഷർകുക്കർ. ഇതെനിക്കിരിക്കട്ടെ!"
പഞ്ചാലിയ്ക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് മുനിശിഷ്യന്മാർ കുക്കറും താങ്ങിയെടുത്ത് പടിക്കലെത്തിയിരുന്നു.
കേറിത്താമസത്തിന് കണവന്മാരറിയാതെ പ്രിയ സൂര്യൻ കൊടുത്തതല്ലേ? അങ്ങനെ വിടാൻ പറ്റുമോ? പാഞ്ചാലി പിന്നാലെ പാഞ്ഞു ചെന്നു.
അവൾ മുനിയുടെ കാലുപിടിച്ചപേക്ഷിച്ചു. എവിടെ കേൾക്കാൻ?
''നീ സൂര്യനോടു പറഞ്ഞ് മറ്റൊരെണ്ണം സംഘടിപ്പിച്ചോ!"
പിടി വിടുവിച്ച് മുനി മുന്നോട്ടാഞ്ഞു. ഒപ്പം ശിഷ്യന്മാരും.
N.B. പതിനഞ്ചാം വരിയിൽ 'കോന്തന്മാർ' എന്നടിച്ചിരിക്കുന്നത് പിശകാണ്. 'കാന്തന്മാർ' എന്നു തിരുത്തി വായിക്കാൻ അപേക്ഷ.