ദേവൂട്ടിയാണ് കഥാപാത്രം. വയസ്സു മൂന്നര കഴിഞ്ഞിട്ടേയുള്ളു. ഭാഷയുടെ പ്രയോഗസാധ്യതകൾ പരീക്ഷിക്കുന്ന പ്രായം.
മറ്റുള്ളവർ പറഞ്ഞുകേട്ട ചില ഭാഷാപ്രയോഗങ്ങൾ കുട്ടികൾ മനസ്സിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടാവുമല്ലോ? ഉചിതമായ സന്ദർഭം വരുമ്പോൾ എടുത്ത് പ്രയോഗിക്കാൻ.
നേഴ്സറിപ്രായമായിട്ടില്ലെങ്കിലും നേരംപോക്കിന് ദേവു തൊട്ടടുത്തുള്ള സ്കൂളിൽ പോകുന്നുണ്ട്. ക്ലാസ്സിൽ പ്രായക്കറവ് അവൾക്കാണെങ്കിലും വാചകമടി ഇത്തിരി കൂടുതലാണെന്നാണ് ടീച്ചർ പറയുന്നത്. ചില കുട്ടികളിൽ ഭാഷാവികാസത്തിന് സ്പീഡു കൂടുമല്ലോ?
നേഴ്സറിയിൽ നിന്ന് വന്നാൽപ്പിന്നെ അവിടുത്തെ വിശേഷങ്ങൾ വർണിക്കുക ദേവുവിൻറെ പതിവാണ്. വീട്ടിലെത്തുന്നതിനു മുമ്പുതന്നെ തുടങ്ങും വിസ്താരം. അന്നു നേഴ്സറിയിൽ പതിവില്ലാത്ത എന്തോക്കെയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവണം. അവളുടെ വരവും ഭാവവുമൊക്കെ കണ്ടപ്പോൾത്തന്നെ ഞാൻ ഊഹിച്ചു. ഗേറ്റ് കടന്ന് മുറ്റത്തെത്തുന്നതിനു മുമ്പുതന്നെ അവൾ സിറ്റൗട്ടിലിരുന്ന എന്നോട് പറഞ്ഞു.
“ഇന്നു നേഴ്സറിയിൽ ആകെ പ്രശ്നമായിരുന്നു”
വല്യ പ്രശ്നമൊന്നുമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും അദ്ഭുതം ഭാവിച്ച് അവൾ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ ഊഹം തെറ്റിയില്ല. രാഘുൽ ക്ലാസ്സിൽ അപ്പിയിട്ടതായിരുന്നു കേസ്. കഴുകിയാൽ തീരുന്ന പ്രശ്നം.
ആർജ്ജിച്ച ഭാഷ ഉചിതമായ സന്ദർഭങ്ങളിൽ പ്രയോഗിക്കുന്നു എന്നതിന് ഉദാഹരണമായി ഞാനിത് അദ്ധ്യാപകപരിശീലന ക്ലാസിൽ പറയാറുണ്ട്. “ഇന്നു നേഴ്സറിയിൽ ആകെ പ്രശ്നമായിരുന്നു”
No comments:
Post a Comment