പാണ്ഡവ Vs കൗരവ
.........................................................................................................
കുരുക്ഷേത്രം സെൻട്രൽ സ്റ്റേഡിയം ഫുട്ബോൾ
പ്രേമികളെക്കൊണ്ട് നിറഞ്ഞു തുളുമ്പി. ഇന്നാണ് ഏവരും കാത്തുകാത്തിരുന്ന ആ ഫുട്ബോൾ മാമാങ്കം. ആഗോളഫുട്ബോളർമാർ
മാത്രം ഉൾപ്പെട്ട കൗരവപാണ്ഡവ ടീമുകൾ തമ്മിലാണ്
മത്സരം. കാൽപ്പന്തിന്റെ ഇടിമുഴക്കങ്ങൾക്ക് കാതോർത്ത്, ഗോൾവർഷം കാണാൻ
കണ്ണും തുറന്നു വച്ച് കാണികൾ
കാത്തിരിക്കുകയാണ്. ഗ്യാലറികളെല്ലാം സജീവം.
മുപ്പത്തിമുക്കോടി ദേവകളും കളി കാണുവാൻ
എത്തിയിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ കിഴക്കു
ഭാഗത്ത് വിശ്വോത്തരഫുട്ബോളർ ഭീക്ഷ്മർ
ക്യാപ്റ്റനായുള്ള കൗരവ ടീം വന്നു
നിരന്നിട്ടുണ്ട്. സൂപ്പർസ്ട്രൈക്കർ ധൃഷ്ടദ്യുമ്നൻ നയിക്കുന്ന പാണ്ഡവ ടീം
മറുഭാഗത്തും നിലയുറപ്പിച്ചു കഴിഞ്ഞു.
കൗരവപക്ഷത്തു ഭീക്ഷ്മർ, ദ്രോണർ, കർണ്ണൻ, ദുര്യോധനൻ, ദുശ്ശാസനൻ, ജയദ്രഥൻ, കൃപർ, അശ്വത്ഥാമാവ്
തുടങ്ങിയവരും മറുഭാഗത്ത് ധൃഷ്ടദ്യുമ്നൻ, യുധിഷ്ഠിരൻ, ഭീമൻ, നകുലൻ, സഹദേവൻ ശിഖണ്ഡി
തുടങ്ങിയ പ്രമുഖ കളിക്കാരും
പിന്നെ ലോകോത്തര പ്ലേമേക്കർ കൃഷ്ണനുമാണ് കളിക്കാർ.
റഫറിയുടെ ശംഖനാദത്തിനു കാതോർത്തിരിക്കുമ്പോൾ അസ്വസ്ഥത. കിക്കോഫിന്
ഇനി മിനിറ്റുകൾ മാത്രം. ആവേശത്തിന്റെ അഗ്നിപർവതം പുകയുന്ന സ്റ്റേഡിയത്തിൽ കാണികൾ അക്ഷമരായിക്കഴിഞ്ഞു. എന്തേ കളി
ഇനിയും ആരംഭിക്കാത്തത്? ആരും കരുതാത്ത ചില സംഭവങ്ങളാണ് പിന്നീട് അവിടെ അരങ്ങേറിയത്.
നീണ്ട കരഘോഷത്തിന്റെ
അകമ്പടിയോടെ ഗ്രൗണ്ടിൽ പ്രവേശിച്ച അർജുനൻ എല്ലാവരെയും അഭിവാദ്യം ചെയ്തശേഷം കളിക്കളത്തിൽ രണ്ടു വശത്തുമായി നിരന്നു നില്ക്കുന്ന കളിക്കാരെ
അർജുനൻ ആകെയൊന്നു നിരീക്ഷിച്ചു. ഇരുപക്ഷത്തുമുള്ള പിതാക്കന്മാരെയും മുത്തച്ഛന്മാരെയും, ഗുരുക്കന്മാരെയും അമ്മാവന്മാരെയും,
സോദരന്മാരെയും പുത്രന്മാരെയും മറ്റും
അർജുനൻ കണ്ടു. അവരെക്കണ്ടിട്ട് ആ കുന്തീപുത്രൻ
തികഞ്ഞ കനിവുൾക്കൊണ്ട് വ്യസനിച്ചുകൊണ്ട് ശ്രീകൃഷ്ണനോട് ഇപ്രകാരം പറഞ്ഞു.
ദൃഷ്ട്വേമം
സ്വജനം കൃഷ്ണ!
'ക്രീഡിതും'
സമുപസ്ഥിതം
സീദന്തി
മമ ഗാത്രാണി
മുഖഞ്ച
പരിശുഷ്യതി
വേപഥുശ്ച
ശരീരേ മേ
രോമഹർഷശ്ച
ജായതേ
ഹേ കൃഷ്ണ! കളിക്കാനുള്ള ആഗ്രഹത്തോടുകൂടി നില്ക്കുന്ന ഈ സ്വജനങ്ങളെ കണ്ടിട്ട്
എന്റെ അവയവങ്ങൾ തളരുന്നു, തൊണ്ട വരളുന്നു, ശരീരം
വിറയ്ക്കുന്നു, രോമാഞ്ചം കോള്ളുകയും ചെയ്യുന്നു.
ഫുട്ബോളിൽ എനിക്ക് ആദ്യമായി
കോച്ചിംഗ് തന്ന പിതാമഹൻ ഭീഷ്മർക്കും
ഡ്രിബിളിംഗിന്റെയും പാസ്സിംഗിന്റെയും ഹെഡ്ഡിംഗിന്റെയുമൊക്കെ ഏബിസിഡി പഠിപ്പിച്ച കോച്ച്
ദ്രോണർക്കുമെതിരെ കളിക്കണമെന്നോർക്കുമ്പോൾ കാലുകൾ
വിറയ്ക്കുന്നു. പാണ്ഡവടീമിന്റെ ഈ ജേഴ്സി
എന്റെ ദേഹത്തിൽ പുകയുകയാണ്.
സ്വജനങ്ങളോടെതിർത്ത് നേടുന്ന ട്രോഫി എനിക്കെന്തിന്? ദേവാസുര ടീമുകളോടെതിർത്ത് പരശതം ഷീൽഡുകളും കപ്പുകളും നേടിയവനെങ്കിലും ഞാൻ തളരുന്നു കൃഷ്ണാ!
ഇത്രയും പറഞ്ഞ് ബൂട്ടുകളും കുപ്പായവും
അഴിച്ച് വച്ച് അർജുനൻ തളർന്നൊരിടത്ത് ഇരിപ്പായി.
അപ്രകാരം കൃപാധീനനും, കണ്ണീർ നിറഞ്ഞ്
വികാരം കലർന്ന കണ്ണുകളോടുകൂടി വ്യസനിക്കുന്നവനുമായ അർജുനനോട് കൃഷ്ണഭഗവാൻ ഈ വാക്കുകളെ
പറഞ്ഞു-
കുതസ്ത്വാ കശ്മലമിദം വിഷമേ
സമുപസ്ഥിതം
അനാര്യജുഷ്ട 'മട്രോഫ്യ'മകീർത്തികരമർജുന!
ശ്രേഷ്ഠന്മാർ കൈക്കൊള്ളാത്തതും ട്രോഫിപ്രാപ്തിക്കു പ്രതികൂലവും അപകീർത്തിക്കു കാരണവുമായ
ഈ മൗഠ്യം ഈ വിഷമഘട്ടത്തിൽ നിനക്കെവിടെ
നിന്നു വന്നുചേർന്നു?
അർജുനാ! നീ തളരരുത്. നിന്റെ
ഈ വിളർച്ച നീ ധരിക്കുന്ന ബൂട്ടുകൾ
പോലും പൊറുക്കുകയില്ല. നിവാതകവചകാലകേയാദികളായ ലോകത്തെമ്പാടുമുള്ള വൻകിട കളിക്കാരെ കിടിലം കൊള്ളിച്ചു
നീ നേടിയ ഗോൾഡൻ ബൂട്ടുകളുടെ
മഹത്വം നീ മറക്കരുത്.
ഹേ! അർജുന കളി കളിക്കു
വേണ്ടിയാണ്. ആരോടു കളിക്കുന്നുവെന്നു നോക്കുന്നത് ഒരു യഥാർത്ഥ സ്പോർട്ട്സ്മാനു നിരക്കുന്നതല്ല.
പാണ്ഡവ ടീമിന്റെ ക്യാപ്റ്റനായ സ്റ്റാർസ്ട്രൈക്കർ ധൃഷ്ടദ്യുമ്നൻ നിന്റെ
സ്യാലനാണ്. അയാളുടെയും നിന്റെ സഹോദരങ്ങളുടെയും കൂടി
പേര് നീ ചീത്തയാക്കരുത്. പല തവണ
ലോകഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട നിനക്ക് ആരാധകർ നല്കിയ കിരീടിയെന്ന ഓമനപ്പേര്
നീ മറന്നോ? വിജയം മാത്രം
ശീലമാക്കിയ നിനക്ക് വിജയനെന്നൊരു പേരുണ്ടെന്നും
ഓർത്തു കൊള്ളുക. നിന്നെ കണ്ടിട്ടാണ് ബാക്കിയുള്ളവർ ഈ ടൂർണമെൻറിൽ കളിക്കാനിറങ്ങിയതെന്ന് നിനക്കറിയില്ലേ? ആയിരക്കണക്കിനു പണം
മുടക്കി കരിഞ്ചന്തയിൽപ്പോലും ടിക്കറ്റു
വാങ്ങി ഇത്രയധികം കാണികൾ ഇവിടെ
തടിച്ചു കൂടിയിരിക്കുന്നതും നിന്നെ
ഉദ്ദേശിച്ചു മാത്രമാണെന്നുള്ള വസ്തുത
നീ വിസ്മരിക്കുകയോ? ഈ അവസാന
നിമിഷത്തിൽ നീ ഇങ്ങനെ പിന്മാറുന്നത്
അവരോടും ഇതിന്റെ സംഘാടകരോടും ചെയ്യുന്ന കൊടും വഞ്ചനയായിരിക്കും.
ഹേ സവ്യസാചേ! രണ്ടു കാലും
ഒരേ വിധം ഉപയോഗിക്കാനുള്ള നിന്റെ
അനന്യസാധാരണമായ പാടവം കൊണ്ടു നേടിയ
സൽപ്പേരിനെയോർത്തെങ്കിലും നീ ഈ അവസരം
പാഴാക്കരുത്. ലോകത്തിലെ ഏറ്റവും നല്ല സെൻറർ ഫോർവേഡെന്നും ഫിനിഷർ എന്നുമെല്ലാം അറിയപ്പെടുന്ന വിജയാ! വലങ്കാലാലൊന്ന് ഇടങ്കാലാൽ
പത്ത് തലകൊണ്ടോ നൂറ് ഇണങ്ങി
വന്നാലായിരം എന്നല്ലേ നിന്നെപ്പറ്റി ശത്രുക്കൾ
പോലും പറയുന്നത്. എതിരളികൾക്ക് നീ എന്നും
അക്രമകാരിയായ ബീഭത്സുവാണ്.
നിസ്സാരന്മാരായ എതിരാളികളെ പരാജയപ്പെടുത്തുന്നതിൽ എന്താണു പാർത്ഥാ മഹത്വം? ഇൻറർനാഷണൽ
അറ്റാക്കർമാർ മാത്രമടങ്ങിയ
ഈ കൗരവ ടീം മാത്രമാണ് നിനക്കു
പറ്റിയ എതിരാളി. അവരിനി ആരെത്തന്നെ
ഇറക്കിയാലും ഒരു
പ്രതിരോധനിര തീർക്കാൻ അജയ്യനായ നമ്മുടെ
ഭീമനൊരുത്തൻ തന്നെ ധാരാളം. നിനക്കിനിയും വിശ്വാസമായിട്ടില്ലെങ്കിൽ ഇതുകൂടി കേട്ടു കൊള്ളുക. ഞാൻ മുന്നേറ്റനിരയിൽ കളിക്കില്ലെന്നും ഗോളടിക്കുകയില്ലെന്നുമൊക്കെ ശപഥം ചെയ്തിട്ടുണ്ടങ്കിലും തരം
പോലെ എതിരാളികളുടെ ശ്രമങ്ങൾ
പരാജയപ്പെടുത്തുകയും ഗോൾമുഖത്തു വച്ച് നിനക്ക്
ക്രോസ് തരികയും ചെയ്തുകൊള്ളാം. കുതന്ത്രകുശലന്മാരായ ശകുനിയുടെയും
ദുര്യോധന ദുശ്ശാസനന്മാരുടെയുമൊക്കെ ഫൗളുകൾ
യഥാസമയം തിരിച്ചറിഞ്ഞ് അവരെ
കൈകാര്യം ചെയ്യുന്നതിനുള്ള ചില
അടയാളങ്ങൾ ഞാൻ നിനക്ക് കാട്ടിത്തരികയുമാവാം.
അതുകൊണ്ട് അർജുനാ വിഷാദമരുത്. വിജയത്തിൽ അത്യാഗ്രഹമില്ലാതെ കളിക്കൂ. എഴുന്നേല്ക്കൂ കുപ്പായമണിയൂ. ബൂട്ടുകൾ ശരിക്കു
കെട്ടൂ. കർമ്മണ്യേവാധികാരസ്തേ. ഗോളടിക്കുക മാത്രമാണ് നിന്റെ
കർമ്മം. മാ ഫലേഷു
കദാചന തൽഫലമായ
ട്രോഫിയെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതിരിക്കുക.
( കവി
ബാലേന്ദുവിനോട് കടപ്പാട്)
Njangalude kazhchappadukalum Nilapadukalum ariyikkunnathanu
ReplyDelete