Thursday, 5 April 2012

വെളിച്ചപ്പാടിനെന്തിനാ രണ്ടു പാ?

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മകനൊരൊറ്റ  ചോദ്യമാണ്. 
''അച്ഛാ! വെളിച്ചപ്പാടിനു രണ്ടു പാ വേണോ? ''
സത്യം പറയാമല്ലോ. ചോദ്യം കേട്ട്  ആദ്യം ഞാനൊന്നന്ധാളിച്ചു. പിന്നീടാലോചിച്ചപ്പോള്‍ രസമാണു തോന്നിയത്. ഇതിലെന്തോ 
കുനഷ്ടുണ്ട്. എന്നെ കുഴക്കാനൊരു കടംകഥയാവാം.
പെട്ടെന്ന് എന്തെങ്കിലും പറഞ്ഞു തോറ്റുകൊടുക്കാന്‍  വയ്യല്ലോ? ഞാനൊന്നു ചുഴിഞ്ഞാലോചിച്ചു.
വെളിച്ചപ്പാടിനു രണ്ടു പാ വേണോ? ഒരാള്‍ക്ക് ഒരു പാ പോരേ? വെളിച്ചപ്പാടിന് എന്താപ്പോത്ര പ്രത്യേകത? വല്ല കഥകളിവേഷമോ മറ്റോ ആണെങ്കില്‍ ഉടുത്തുകെട്ടുമൊക്കപ്പാടെ ഒരു പാ പോരാതെ വന്നേക്കാം. വെളിച്ചപ്പാടാകുമ്പം ശി മെലിഞ്ഞിട്ടാവും. അപ്പപ്പിന്നെ ഒരു പായിലൊതുങ്ങും. 
''ഒന്നു വേഗം പറയുവോ അച്ഛാ?'' മകനു തിടുക്കമായി. 
"മോനേ!  വെളിച്ചപ്പാടെന്നല്ല ആരായാലും ഒരാള്‍ക്ക് ഒരു പാ മതി. അതാണ് ന്യായം"
എന്റെ മറുപടി കേട്ട് സകുടുംബം പൊട്ടിച്ചിരി.
ചിരി കണ്ടപ്പോള്‍ എനിക്കു ചമ്മല്‍. എന്തോ കുഴപ്പമുണ്ട്. ഉറപ്പായി.
"അച്ഛാ! അതല്ല. വെളിച്ചപ്പാടെന്നെഴുതുമ്പോള്‍  രണ്ടു  'പ'  വേണോന്ന്?  ഒന്നു വേഗം പറയുവോ?  എനിക്കൊരു  പദപ്രശ്നം  പൂരിപ്പിക്കാനാ.'' മകനൊരു ബാലമാസികയും ഉയര്‍ത്തിപ്പിടിച്ച് നില്പാണ്. 
''ഇതാണോ കാര്യം? ഞാന്‍ വിചാരിച്ചു എന്നെ കുഴപ്പിക്കാനുള്ള വല്ല ചോദ്യവുമായിരിക്കുമെന്ന്. എന്താ സംശയം? വെളിച്ചപ്പാടിനു രണ്ടു 'പ'  വേണം.''
''രണ്ടു പ എഴുതുമ്പം ഈ പദപ്രശ്നം ശരിയാവണില്ല. അമ്മ പറയുവാ ഒരു പ എഴുതിക്കോളാന്‍. ഇപ്പം ലിപിയൊക്കെ മറ്റാത്രെ!'' 
''ഏയ്‌... അങ്ങനെ മാറ്റാനൊക്വോ? നീയാ പദപ്രശ്നമിങ്ങോട്ടു താ. നോക്കട്ടെ! എന്നിട്ട് നിന്റെ പുതിയ പാഠപുസ്തകം  എടുത്തു കൊണ്ടു വാ. മാറ്റം എന്തൊക്കെയാണെന്നു നോക്കട്ടെ!''
പ്രശ്നം എന്റെ മുന്നിലേയ്ക്കിട്ടു തന്ന്‍ മകന്‍ പുസ്തകമെടുക്കാന്‍ ഓടി. ഞാന്‍ പദപ്രശ്നം പരിശോധിച്ചു. പറഞ്ഞതുപോലെ ഒരു പദം പ്രശ്നമായിത്തന്നെ  നില്‍ക്കുകയാണ്. 
ഇടത്തു  നിന്ന് വലത്തോട്ട് 'വെളിച്ചപ്പാട'ങ്ങനെ അഞ്ചു കോളം നിറഞ്ഞ് ഒറ്റ നില്പാണ്. മാറുന്ന മട്ടില്ല. മുകളില്‍ നിന്ന് വെളിച്ചപ്പാടിന്റെ പായും ചവിട്ടിക്കടന്ന്  താഴോട്ട്  'നാടന്‍പാട്ടു'മുണ്ട്. വെളിച്ചപ്പടിന് ഒരു 'പ'  മതിയെങ്കില്‍ പ്രശ്നം പരിഹരിക്കാമായിരുന്നു. 
ഞാന്‍ ചില പത്രങ്ങളും മാസികകളും  വലിച്ചിട്ട് പരിശോധന തുടങ്ങി. വെളിച്ചപ്പാടിനെ കണ്ടു കിട്ടാന്‍ സാധ്യതയില്ലെന്നറിയാം. വല്ല തിരുമുല്‍പ്പാടിനെയോ  നമ്പൂതിരിപ്പാടിനെയോ കണ്ടുമുട്ടിയാലായി. ഒരുപാട്  അന്വേഷിച്ചു നടന്നെങ്കിലും തരായില്ല.  അരുപ്പാടുണ്ടാകുമോ? ഒട്ടും സാധ്യതയില്ല. പെടാപ്പാടു പെട്ടിട്ടും പങ്കപ്പാട് മാത്രമായി മിച്ചം. ഭാഗ്യമെന്നു പറയട്ടെ! വളരെ യാദൃച്ഛികമായി പിന്നീടു നമ്മുടെ  നമ്പൂരിപ്പാടിനെ കണ്ടുകിട്ടി. . രണ്ടു 'പ' തന്നെ. 
 'ക്ഷ'യായി എന്ന് വിചാരിച്ചത് വെറുതെയായി. മകന്റെ പദപ്രശ്നം ഇനിയും പ്രശ്നമാ യിത്തന്നെ  നില്‍ക്കുന്നല്ലേയുള്ളൂ. 
ഇനി ഈ പ്രശ്നമുണ്ടാക്കിയ മാസികക്കാരന് തെറ്റു പറ്റിയതാകുമോ?
മകന്‍ പാഠപുസ്തകവുമായെത്തി, ചായയുമായി ശ്രീമതിയും. ചായ തരുമ്പോള്‍ അവള്‍ മറ്റൊരു പ്രശ്നമവതരിപ്പിച്ചു. 
''ചായപ്പൊടി തീര്‍ന്നിരിക്കുന്നു, വാങ്ങണം.''
ഒരു നിമിഷം! ചായപ്പൊടി എനിക്ക്  പ്രശ്നമായി. ചായപ്പൊടിക്ക്  രണ്ടു 'പ' വേണോ? ഒരു ആയാലെന്താ കുഴപ്പം? 'ചായപൊടി' - വേണ്ട കടുപ്പം തീരെ  കുറഞ്ഞുപോകും.
ഇനിയിപ്പോള്‍ ഏതു പദം കേട്ടാലും ഇങ്ങനെ പ്രശ്നമാകുമെന്നാ  തോന്നുന്നത്. 
ഏതായാലും പുതിയ പാഠപുസ്തകവും ചില പ്രമുഖ മാസികകളു മൊന്നു നോക്കുകതന്നെ. മാറ്റങ്ങള്‍ അറിയണമല്ലോ? 
അപ്പോഴാണ് പദപ്രശ്നത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. ആ പ്രശ്നത്തിനൊരു പരിഹാരമുണ്ടാകാതെ വയ്യല്ലോ?  ഒന്നുകൂടി പ്രശ്നം വച്ചു  നോക്കി.  വെളിച്ചപ്പാടുമായി ഒരു ഒത്തുതീര്‍പ്പ്  ഉണ്ടാക്കാനായിരുന്നു എന്റെ ശ്രമം. വെളിച്ചപ്പാടാകട്ടെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാതാനും. രണ്ടു വേണമെന്ന് ഒരേയൊരു  നിര്‍ബന്ധം. നാടന്‍പാട്ടിന് പകരമെന്തെങ്കിലുമായാല്‍     ശരിയാകുമോ? അതായി പിന്നത്തെ അന്വേഷണം. വെളിച്ചപ്പാടിന്റെ അനുഗ്രഹം കൊണ്ടോ എന്തോ പെട്ടെന്നൊരു വെളിപാടുപോലെ നാടോടിപ്പാട്ട് മനസ്സിലെത്തി. ഹാവൂ! അങ്ങനെയാ   വലിയ പ്രശ്നം പരിഹരിക്കപ്പെട്ടു. മകന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി. പിന്നെ മാസികയും പൊക്കിപ്പിടിച്ച് അകത്തേയ്ക്കോടി. 
ഞാന്‍  പുതിയ പാഠപുസ്തകത്തിന്റെ പേജുകള്‍ ഒന്നൊന്നായി മറിച്ചു. എഴുത്തിലും ലിപിവിന്യാസത്തിലുമൊക്കെ വന്നിട്ടുള്ള മാറ്റം അറിയണമല്ലോ? 
ആദ്യം കണ്ടുമുട്ടിയത്‌ ഒരു വയ'സ'നെയാണ്. പഴയ വയസ്സനല്ല. വെറും 'വയസന്‍' ഒരു 'സ' കുറഞ്ഞപ്പോള്‍  പ്രായക്കുറവ് തോന്നേണ്ടതല്ലേ? എന്നാല്‍ ശക്തി ക്ഷയിച്ചൊരു പടുകിഴവനാണ്  മനസ്സില്‍ തെളിഞ്ഞത്. വയസ്സന്മാര്‍ക്ക്   ഈ വയസ്സാം കാലത്ത് എന്തിനാ രണ്ടു  സ എന്ന് പുതുതലമുറ ചിന്തിക്കുന്നുണ്ടാകും. 
വാര്‍ദ്ധക്യത്തില്‍ ഇനി 'ദ' വേണ്ട.  ഇനി പഴയ ഓര്‍'മ്മ'യും  ഉണ്ടാവില്ല.  ഇനി അതു വെറും 'ഓര്‍മ'  മാത്രം.
മന'സ്സി'ല്‍  നിന്ന്  ഒരു 'സ'   മായ്ച്ചുകളയാന്‍ പഴമക്കാര്‍ക്ക് എളുപ്പം കഴിഞ്ഞെന്നു വരില്ല. എന്നാല്‍ മക്കള്‍ക്കു വേണ്ടി അതിനി മറന്നേ പറ്റു. എനിക്ക് മനസ്സില്ല എന്ന് പറയാനാണ് ഭാവമെങ്കില്‍ ആയിക്കോളൂ. എഴുതുമ്പോള്‍ 'സ' ഒന്ന് മതിയെന്നു മാത്രം.
സ്വര്‍'ഗ്ഗ'ത്തിലേയ്ക്കുള്ള മാര്‍ഗ്ഗം വളരെ ഇടുങ്ങിയതാണെന്നു കേട്ടിട്ടുണ്ട്. എന്നാല്‍  നമ്മുടെ മക്കള്‍ക്കിനി സ്വര്‍ഗവും മാര്‍ഗവും എളുപ്പമായിരിക്കുന്നു. 
ഇങ്ങനെ ഓരോന്ന് അന്വേഷിച്ചു മുന്നോട്ടു നീങ്ങുമ്പോളാണ് പുതിയ അധ്യാപകനെ കണ്ടുമുട്ടിയത്‌. നമ്മുടെ പഴയ അദ്ധ്യാപകനെ ഇനി കണ്ടുകിട്ടാന്‍ വിഷമമാണെന്നു തോന്നുന്നു. ഇപ്പോഴുള്ളത് വെറും അ'ധ്യാ'പകനാണ്. പഴയ കണ്ണുകൊണ്ടു നോക്കുമ്പോള്‍  പുതിയ അധ്യാപകന് എന്തോ കുറവ് സംഭവിച്ചതുപോലെ. വൈദ'ഗ്ധ്യ'ത്തിലും കുറവ് പണ്ടേ ഉണ്ട്. 
അദ്ധ്യാപകന് ഒരു കുറവുണ്ടായാല്‍ വിദ്യാര്‍'ത്ഥി'യെ ബാധിക്കാതിരിക്കുമോ?  സതീര്‍ത്ഥ്യനും  തഥൈവ. രണ്ടു പേര്‍ക്കും ഇനി തായില്ലൈ. 
മദ്ധ്യമായാലും അമേദ്ധ്യമായാലും ദ ഒഴിവാക്കാം. 'ദ' ഇരുന്നതുകൊണ്ടുണ്ടായ ദോഷമാണോ എന്നറിയില്ല മദ്ധ്യത്തെ നമ്മുടെ  കെല്പില്ലാത്ത  മക്കള്‍  ഉച്ചരിച്ചുച്ചരിച്ചു പണ്ടേതന്നെ മ'ദ്യ'മാക്കി വച്ചിരിക്കുകയായിരുന്നു. കെല്പ് ഏറെയുള്ളവര്‍ മദ്യപാനത്തെ മ'ധ്യ'പാനമാക്കുന്നതിന്റെ അപകടം അവരറിയുന്നില്ലെങ്കിലും കേള്‍ക്കുന്ന നമ്മള്‍ക്കറിയില്ലേ?  
മന:ശാസ്ത്രജ്ഞന്മാര്‍ക്ക്  വിസര്‍ഗം ഉപേക്ഷിക്കാമെന്നായപ്പോള്‍ സ്വര്‍ഗം കിട്ടിയതുപോലെ.  വിസര്‍ഗമില്ലാതെ എഴുതുന്നതൊക്കെ കൊള്ളാം, കാരം ഇരട്ടിക്കുമെന്നോര്‍ക്കുക. ഈ പരിഷ്ക്കാരമൊക്കെ  വന്നിട്ടും നമ്മുടെ 'ദുഃഖ'ത്തിന് ഒരു കുറവുമില്ല. ദുഃഖം ദുഃഖമായിത്തന്നെ നില്‍ക്കുമെന്നാണ് തോന്നുന്നത്. പിന്നെ അധഃപതനവും.
വില്ലാളിവീരനായ അര്‍'ജ്ജു'നനെന്നല്ല സാക്ഷാല്‍ ഭഗവാന്‍ പാര്‍'ത്ഥ'സാരഥിക്കുപോലും ഈ മാറ്റങ്ങളില്‍ നിന്ന് രക്ഷപെടാനവില്ല. ദുര്‍'ബ്ബ'ലന്റെ കാര്യം പിന്നെ പറയാനുണ്ടോ? ദുര്‍ബ്ബലന്റെ ഒരു 'ബ' എടുത്തു കളഞ്ഞാലും ആരും ചോദിക്കാനില്ലെന്നര്‍ത്ഥം. പോരെങ്കില്‍ ഉച്ചാരണപ്രയത്നം  കുറയുമ്പോള്‍  ദുര്‍ബലത ഒന്നുകൂടി വ്യക്തമാക്കാമെന്ന ഒരു പ്രയോജനം കൂടി അതിനുണ്ട്.   
''ഇന്നെന്താ ഗവേഷണമാണോ? വന്നിട്ട് മക്കളെ അന്വേഷിച്ചു കണ്ടില്ല. പുതിയ പാ'ട്യ'പദ്ധതിയൊക്കെ വന്നേപ്പിന്നെ മക്കളെ വിളിച്ചൊരു 'ആക്ടിവിറ്റി'യൊക്കെ പതിവുള്ളതാണല്ലോ?''
ഭാര്യ എന്റെ ഗവേഷണത്തിനു തടസ്സമായി. (ഗവേഷണത്തില്‍ പലര്‍ക്കും ഭാര്യയൊരു തടസ്സമാണത്രേ! തിരിച്ചും. )
''പറഞ്ഞതുപോലെ നമ്മുടെ മകളെവിടെപ്പോയി?"
"മളോ? ഇന്നെന്താ മകളോടു മാത്രമായിട്ടൊരു സ്നേഹം?''
''മക്കളെവിടെപ്പോയെന്നു തന്നെയാണ് സുഹൃത്തേ ചോദിക്കാന്‍   ഉദ്ദേശിച്ചത്.  ചോദിച്ചപ്പോള്‍ രണ്ടു 'ക' വേണോ? എന്നൊന്നു സംശയിച്ചുപോയി. 



****************************













3 comments:

  1. ഹഹ..പറഞ്ഞ് പറഞ്ഞ് നമ്മളേം കൂടെ സംശയത്തിലാക്കല്ലേ

    ReplyDelete
  2. എൻറെ വെളിച്ചപ്പാടിനു കിട്ടിയ ആദ്യ കമൻറ് അസ്സലായി. വളരെ സന്തോഷം.

    ReplyDelete
  3. പുതിയ അധ്യാപകര്‍ക്ക് പൊതുവെ വൈദഗ്ധ്യം കുറവു തന്നെ, അതിനി പഴയ കണ്ണായാലും പുതിയ കണ്ണായാലും!

    ReplyDelete