Sunday 16 September 2012

കൊതുകുകളെ എങ്ങനെ ഗ്രേഡു ചെയ്യാം?



ചൈനേന്റെ ബാറ്റിനെയും
ഫാനിന്റെ കാറ്റിനെയും ഭേദിച്ച്
കൊതുകുതിരിയുടെ നാറ്റം സഹിച്ച്
കൊതുകുവലയുടെ ഗ്യാപ്പും ഗ്രഹിച്ച്
ലക്ഷ്യത്തിലെത്തി രക്തം കുടിച്ച്
അടി കൊള്ളാതെ രക്ഷപ്പെടുന്ന കൊതുകൾക്ക്
'എ പ്ലസ് ' തന്നെ കൊടുക്കണം.

പ്രതിബന്ധങ്ങളൊന്നുമില്ലാത്ത
സാഹചര്യം തിരിച്ചറിഞ്ഞ്
അവസരം നോക്കി ലക്ഷ്യത്തിലെത്തി
തന്ത്രപൂർവം ചോര കുടിച്ച്
സുരക്ഷിതരായി മടങ്ങുന്ന
കൊതുകുകൾക്ക് 'എ' ഗ്രേഡ് കൊടുക്കാം.

തടസ്സങ്ങളെ സധൈര്യം അതിജീവിച്ച്
എങ്ങനെയും ലക്ഷ്യത്തിലെത്തി
രക്തം കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും
അടി കൊള്ളാതെ ജീവൻ നിലനിർത്തുന്ന
കൊതുകൾക്ക്
നിസ്സംശയം 'ബി പ്ലസ് ' നല്കാവുന്നതാണ്.

ഏതു പ്രതികൂല സാഹചര്യത്തെയും
ബുദ്ധിപൂർവം തരണം ചെയ്ത്
ലക്ഷ്യത്തിലെത്തി ചോര കുടിച്ച്
അടികൊണ്ടിട്ടും ചാകാതെ
രക്ഷപ്പെടുന്ന കൊതുകുകൾക്ക്
'ബി' ഗ്രേഡിന് തീർച്ചയായും അർഹതയുണ്ട്.

വിഘ്നങ്ങളെയെല്ലാം മറികടന്നു ചെന്നിട്ടും
രക്തം കുടിക്കാൻ കഴിയാതെ
അടി കൊണ്ട് വീരമൃത്യു വരിക്കുന്ന
കൊതുകുകൾക്ക് നല്കാവുന്നത്
ആദരാഞ്ജലികളാണ്.
വേണമെങ്കിൽ
മരണാനന്തര ബഹുമതിയായി
'സി പ്ലസ് ' ഗ്രേഡും നല്കാവുന്നതാണ്.

1 comment:

  1. അടികൊള്ളുകയോ കുടിക്കുകയോ ചെയ്യാതെ മെനക്കെടുത്തി ചെവിയിൽ കർണ്ണാടകസംഗീതം പാടുന്ന കൊതുകുകൾക്ക് ഗ്രെയിഡെന്തായാലും അത് കൊടുക്കുന്ന ചടങ്ങിന് എന്നെയും ക്ഷണിക്കണേ... ചടങ്ങിനുശേഷം അവയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് പുളകിതഗാത്രനാകാമെന്ന വ്യാമോഹം കൊണ്ടാണ്

    ReplyDelete