Monday 3 September 2012

പിതൃഭ്യഃ സ്വധാ


പിതൃഭ്യഃ സ്വധാ *

രിച്ചവര്‍ 
വെറും മണ്ടന്മാരാണെന്നാണ്
പലരുടെയും വിചാരം 
മരണവീട്ടില്‍ ചിലരുടെ 
പെരുമാറ്റം കണ്ടാല്‍ 
അങ്ങനെയാണു തോന്നുക.
എന്നാല്‍, മരിച്ചവരെപ്പോലെ
ഇത്ര ഔചിത്യമുള്ളവരാരുണ്ട് ?
അടുത്തു വന്ന് അലമുറയിടുന്നവരോട്
എത്ര സംയമനത്തോടെയാണ് 
അവര്‍ പെരുമാറുന്നത് ?
കപടനാട്യക്കാരെ അവര്‍ 
പരിഹസിച്ചു ചിരിക്കാറില്ല.
ദേഹത്തു റീത്തുകള്‍ കുന്നുകൂടി 
വീര്‍പ്പു മുട്ടുമ്പോഴും 
ഔപചാരികതയുടെ പേരില്‍ 
അവര്‍ അനങ്ങാതെ കിടന്നുതരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ എങ്ങനെയുമാകട്ടെ 
മരിച്ചവരുടെ മാനം കാക്കാന്‍ 
നമുക്കു തീര്‍ച്ചയായും ബാധ്യതയുണ്ട്.
ഒരാള്‍ മരിച്ചാല്‍ പിന്നെ അയാള്‍ 
ജീവിച്ചിരിക്കുന്നവരുടെ  കോപ്രായങ്ങള്‍ 
കാണാതിരിക്കുന്നതു തന്നെയാണു നല്ലത് .
(അതുകൊണ്ടാണല്ലോ മരിച്ചാലുടനെ 
നാമവരുടെ കണ്ണുകള്‍ പൂട്ടുന്നത് ? )
പരേതന്‍ ഗതികെട്ട് 
എന്തെങ്കിലും പറഞ്ഞുപോകാതിരിക്കാന്‍
താടിയെല്ല് ഒരു നാടകൊണ്ട് 
തലയിലേയ്ക്കു ബലമായി 
ബന്ധിക്കുന്നതും ഉചിതം തന്നെ.
റീത്തുകളിലുപയോഗിക്കുന്ന
പഴകിയ പൂക്കളുടെ 
പുഴുങ്ങിയ ഗന്ധം അറിയാതിരിക്കാന്‍ 
പരേതന്റെ മൂക്കില്‍ 
പഞ്ഞി തിരുകുന്നതും നല്ലതാണ്,
ചുംബിക്കുന്നവരുടെ 
വായ്നാറ്റമറിയാതിരിക്കാനും
അതുപകരിക്കുമെന്നോര്‍ക്കുക.
കപടനാട്ട്യക്കാരെ 
കാലെടുത്തു തോഴിക്കാതിരിക്കാന്‍ 
കാലിലെ പെരുവിരലുകള്‍ തമ്മില്‍ 
ഒരു നാടകൊണ്ട് 
ബന്ധിക്കുന്നതും ബുദ്ധിയാണ്.
വേണ്ടസമയത്ത്  നാമിതെല്ലാം
ഓര്‍ത്തു ചെയ്തേ പറ്റൂ
പരേതരുടെ മാനം കാക്കാന്‍
നമുക്കു തീര്‍ച്ചയായും 
ബാധ്യതയുണ്ട്.

-------------------------------------------------------

* പിതൃക്കള്‍ക്ക് ദ്രവ്യം സമര്‍പ്പിച്ചുകൊണ്ട്‌ ചൊല്ലുന്ന മന്ത്രം.

1 comment:

  1. ശ്രദ്ധയോടും തികഞ്ഞ വിശ്വാസത്തോടും കൂടി ചെയ്യുന്ന ക്രിയയ്ക്കാണ്‌ ശ്രാദ്ധം എന്നുപറയുന്നത്‌. പിതൃക്കളുടെ അനുഗ്രഹം ഏത്‌ വംശത്തിനും അത്യാവശ്യമായതുകൊണ്ട്‌ അതിന്‌ വിഘ്നം വരാതിരിക്കാന്‍ വേണ്ടി ജീവിച്ചിരിക്കുന്ന പിന്‍തലമുറ വര്‍ഷാവര്‍ഷം അനുഷ്ഠിക്കുന്ന അനുസ്മരണദിനമാണ്‌ ശ്രാദ്ധം. ശ്രാദ്ധം പലതരത്തില്‍ ഉണ്ട്‌ –
    “ആളുകള്‍ക്ക്‌ ആഹാരം മാത്രം കൊടുത്തു നടത്തുന്നത്‌ അന്ന ശ്രാദ്ധം. സങ്കല്‍പപൂര്‍വ്വം ആചാര്യന്‌ ധനം, സ്വര്‍ണ്ണം തുടങ്ങിയവ ദാനം ചെയ്യുന്നത്‌ ഹിരണ്യശ്രാദ്ധം. ഉണക്കലരി, എള്ള്‌ എന്നിവ നനച്ച്‌ ബലിയിടുന്നത്‌ ആമശ്രാദ്ധം. അമാവാസി തുടങ്ങിയ ദിനങ്ങളില്‍ പിതൃക്കള്‍ക്കുവേണ്ടി നടത്തുന്ന പാര്‍വ്വണശ്രാദ്ധം. പ്രേതാത്മാവിനെ പിതൃക്കളുമായി സംയോജിപ്പിക്കുന്നത്‌ സപിണ്ഡീകരണ ശ്രാദ്ധം. തിഥി നോക്കിയും നക്ഷത്രം നോക്കിയും ശ്രാദ്ധമൂട്ടാറുണ്ട്‌. ഇവ അസ്തമനത്തിന്‌ മുന്‍പ്‌ ആറു നാഴികയെങ്കിലും ഉണ്ടായിരിക്കുമെന്നാണ്‌ പ്രമാണം. മരിച്ച തിഥിയോ നക്ഷത്രമോ ആണ്‌ പ്രധാനമായി വര്‍ഷം തോറും ശ്രാദ്ധം നടത്തുന്നതിന്‌ ഉത്തമം.

    ReplyDelete