Saturday, 13 April 2013

വിഷുക്കണി - വൈലോപ്പിള്ളി

ലക്ഷ്മിദാസിന്റെ  (മാമ്പഴം ഫെയിം) ശബ്ദത്തിൽ കവിത കേൾക്കാൻ ഈ കുറിപ്പിനോടുവിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തീഷ്ണമായ ഗൃഹാതരത്വമുണർത്തുന്ന കവിതയാണ് വൈലോപ്പിള്ളിയുടെ വിഷുക്കണി. അറുപതുകളുടെ ആദ്യപാദത്തിൽ രചിക്കപ്പെട്ട ഈ കവിത ഓരോ മലയാളിയുടെയും മനസ്സിൽ നഷ്ടസ്വപ്നങ്ങളും കൈമോശം വന്ന സംസ്കൃതിയുടെ നിരാശാബോധവും ഉണർത്തുന്നുണ്ട്. മനുഷ്യൻ പ്രകൃതിയോടു കാണിക്കുന്ന നിഷ്ഠൂരമായ ചെയ്തികൾക്ക് അതേ നാണയത്തിൽ പ്രകൃത്യംബ അവനു തിരിച്ചു കൊടുക്കുകയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് അത്യുഷ്ണം, അനാവൃഷ്ടി, അതിവൃഷ്ടി എന്നിവ സാധാരണയായിരിക്കുകയാണല്ലോ?
ഈ സാഹചര്യത്തിലാണ് കവി ‘പുതുവേട്ടാളൻ കുഞ്ഞുപോലു’ള്ള തന്റെ കുട്ടിക്കാലം ഓർത്തുപോകുന്നത്. നാട്ടുമാമ്പഴങ്ങളുടെ ഭിന്നഭിന്നമായ സ്വാദ്, കച്ചിപ്പുകമണമുയർത്തുന്ന വയല്, സ്വർഗത്തിലേയ്ക്കുയരുന്ന വെൺമുത്തപ്പത്താടി, കൺമഷി ചിന്നിയ കുന്നിമണി, കശുമണ്ടിയുടെ കോമാളിച്ചിരി, ചുടുവെയിലിൽ കളിച്ചുതിമിർക്കുന്ന കൂട്ടുകാർ, തേക്കുകാരുടെ പാട്ട് എന്നിങ്ങനെ ഓർമ്മയുടെ മണിച്ചെപ്പിൽ നിന്ന് തിളക്കമാർന്ന സംഭവങ്ങൾ കവി പുറത്തെടുത്തു നിരത്തുന്നു. അവയെല്ലാം (ഇന്നു നമുക്ക് അസഹ്യമായിത്തീർന്നിരിക്കുന്ന) വേനൽക്കാലത്തെ ഉത്സവമാക്കിയിരുന്നതായി കവി നിരീക്ഷിക്കുന്നു. കൊന്നപ്പൂവും വിഷുക്കണിയും കവിയെ എന്നെന്നും വികാരാധീനനാക്കിയിട്ടുണ്ട്. യൗവനത്തിൽ തന്റെ ജീവിതേശ്വരിയായിത്തീർന്ന സ്ത്രീയെ കൗമാരത്തിൽ
“എന്തൊരദ്ഭുതം, കൊന്നപ്പൂങ്കുല വാരിച്ചാർത്തി-
സുന്ദരസ്മിതം തൂകി നിൽക്കുന്നൂ നീയെൻ മുന്നിൽ” എന്നാണ് വർണിക്കുന്നത്. പുറകിൽ നിന്നു വന്നു കണ്ണു പൊത്തി ‘‘കണികണ്ടാലും’’ എന്നവൾ പറഞ്ഞത് അവിസ്മരണീയമായ വിഷുക്കണിയായി കവി കാണുന്നു.
മനുഷ്യൻ പ്രകൃതിയെ കീഴടക്കി എന്നഭിമാനിച്ച് സംസ്ക്കാരത്തിൻറ സഞ്ചിതനിധിയിൽ നിന്ന് സ്വത്വം നഷ്ടപ്പെടുത്തുന്നതിൽ കവി അമർഷം കൊള്ളുന്നുണ്ട്.
“ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവൽക്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും”
ഇത് അമ്മയുടെ മടിത്തട്ടിലിരിക്കുന്ന മണിക്കുട്ടനോടു പറയുന്നതാണെങ്കിലും എല്ലാ മലയാളികൾക്കുമായി വൈലോപ്പിള്ളി സ്നേഹബുദ്ധ്യാ നല്കുന്ന സന്ദേശമാണ്.
(കുറിപ്പ് എഴുതി തന്നത് - ശ്രീ. എൻ. കേശവൻ നായർ, ചങ്ങമ്പുഴനഗർ)
കവിത കേൾക്കാൻ താഴെ ക്ലിക് ചെയ്യൂ

Clik Here


No comments:

Post a Comment