Sunday, 21 October 2018



                       ഗട്ടര്‍ നല്ലതാണ്
                                           - മുത്തലപുരം മോഹന്‍ദാസ്

ശാപവും പ്‌രാക്കുമൊക്കെ  ഫലിക്കുമെങ്കില്‍ നമ്മുടെ പൊതുമരാമത്തു വകുപ്പ്  എന്നേ നശിച്ച് നാറാണക്കല്ലു പിടിച്ചു പോയേനെ.  മേല്പടി വകുപ്പിന്  വര്‍ഷകാലം പണ്ടുതന്നെ ശാപവചസ്സുകളുടെ പെരുമഴക്കാലമാണല്ലോ?  വഴിയില്‍ വാഹനങ്ങള്‍ കൂട്ടപ്പെരുക്കത്തിലായ ഇക്കാലത്ത്   ശാപശരങ്ങള്‍  ടണ്‍കണക്കിനായില്ലെങ്കിലല്ലേ അദ്ഭുതമുള്ളു.


പത്രമാദ്ധ്യമങ്ങളിലെല്ലാം  ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്നത് റോഡിലെ കുഴികളും ചെളിവെള്ളവും തന്നെ. ഏതു കാര്യത്തിനുമുണ്ടല്ലോ ഒരു മറുവശം. അതാരും ചിന്തിക്കുന്നില്ലെന്നതു കഷ്ടം തന്നെ. പറഞ്ഞു വരുന്നത് ഈ ഗട്ടറിന്റെ പ്രയോജനങ്ങളെക്കുറിച്ചാണ്. മനസ്സിലായില്ലല്ലേ? എന്നാല്‍ ആദ്യം ഒറ്റ വാക്യത്തില്‍ പറഞ്ഞേക്കാം -
ഗട്ടര്‍ നല്ലതാണ്. 
ദേശീയോദ്ഗ്രഥനത്തില്‍ ഗട്ടര്‍ വഹിക്കുന്ന പങ്കിനെക്കറിച്ച് അധികമാരും ചിന്തിച്ചിട്ടില്ലെന്നു തോന്നുന്നു. ഈ വിഷയത്തില്‍  ഒരു സെമിനാറോ ചര്‍ച്ചയോ  എവിടെയെങ്കിലും നടന്നതായും അറിയില്ല. അതുകൊണ്ടാണ്  ഇവിടെ ഇപ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ടി വന്നത്. 
കേരളത്തിലങ്ങോളമിങ്ങോളം  സ്ഥിരമായെന്നോണം  സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുന്ന ഈയുള്ളവന്‍ മനസ്സിലാക്കിയ ചില പരമാര്‍ത്ഥങ്ങള്‍  പൊതുജനതാത്പര്യാര്‍ത്ഥം  ഇവിടെ കുറിക്കട്ടെ!  ഇതിനിടയില്‍  ബഹുമാനപ്പെട്ട സര്‍ക്കാരിനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏതെല്ലാം സമ്മര്‍ദ്ദങ്ങളുണ്ടായാലും നമ്മുടെ റോഡുകളുടെ ഇന്നത്തെ അവസ്ഥ അങ്ങനെ തന്നെ നിലനിര്‍ത്തണം. അതിനുള്ള കാരണങ്ങള്‍ വ്യക്തമായി ചുവടെ വിവരിക്കുന്നുണ്ട്.
ഇപ്പോള്‍ റോഡപകടങ്ങള്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ പതിനഞ്ചു ശതമാനമായി കുറഞ്ഞിരിക്കുന്നുവത്രേ! അനുദിനം കുറഞ്ഞു കുറഞ്ഞു വരികയുമാണ്. കാരണം വ്യക്തം.  ഓവര്‍ സ്പീഡില്ല, ഓവര്‍റ്റേക്കുകളില്ല, ഒറ്റയിടികളില്ല. കൂട്ടിയിടിയും തകിടം മറിച്ചിലുകളുമില്ല. വല്ലപ്പോഴുമുണ്ടാകുന്ന അപകടങ്ങളാകട്ടെ - വണ്ടിയുടെ ആക്‌സിലൊടിഞ്ഞതും ടയറ് പഞ്ചറായതുമൊക്കയാണ്.  സ്‌കൂട്ടറിന്റെയും ബൈക്കിന്റെയുമൊക്ക പിന്നില്‍ യാത്ര ചെയ്തവരില്‍ ചിലര്‍ താഴെ വീണ് കയ്യൊടിഞ്ഞതും കാലൊടിഞ്ഞതും നടുവുളുക്കിയതുമൊക്കെയാണ്  മേജര്‍ അപകടങ്ങള്‍. ചെളിവെള്ളം മൂക്കില്‍ കയറി ശ്വാസം മുട്ടിയ കേസുകളുണ്ടെങ്കിലും  മുങ്ങി മരിച്ച കേസുകളൊന്നും ഇനിയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.
പ്രതിമാസം  നൂറു കണക്കിന് വാഹനാപകടമരണങ്ങള്‍ വാര്‍ത്തയായിരുന്ന സ്ഥാനത്ത്  പേരിനു പോലുമില്ലെന്നറിയുമ്പോള്‍ ജനങ്ങളുടെ സുരക്ഷയില്‍ ഏറെ താത്പര്യമുള്ള സര്‍ക്കാരിന് സന്തോഷിക്കാന്‍ വേറെ എന്തു വേണം? ഈ അവസ്ഥയില്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ലാഭത്തിന്റ കഥ പറയാനില്ലല്ലോ?  ലക്ഷങ്ങളുടെ സ്ഥാനത്ത് ഇപ്പോള്‍ നക്കാപ്പിച്ച കാശു നഷ്ടപരിഹാരം കൊടുത്താല്‍ മതിയെന്നായിരിക്കുന്നു.  നേരാണോ എന്നറിയില്ല. ഇന്‍ഷ്വറന്‍സുകാരിപ്പോള്‍ പണിയൊന്നുമില്ലാതെ വാട്‌സാപ്പും ഫേസ്ബുക്കുമൊക്കെയായി  നേരം പോക്കുകയാണുപോലും! 
ദേശീയോദ്ഗ്രഥനത്തിന്റ ഗതിവേഗം കൂട്ടാന്‍ ഗട്ടറുകള്‍ ഏറെ സഹായകമാണെന്ന് പറഞ്ഞത് വിശ്വസമായില്ലല്ലേ? വിശദമാക്കാം. ''തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ മനുഷ്യര്‍ക്ക് പരസ്പരം മിണ്ടാനും പറയാനും എവിടെ നേരം'' - എന്നല്ലേ നമ്മള്‍ സാധാരണ പറയാറ്? എന്നാല്‍ നമ്മുടെ സിറ്റികളിലും ചെറുനഗരങ്ങളിലുമൊക്കെ ഇപ്പോള്‍ ആര്‍ക്കും ഒരു തിടുക്കവുമില്ല. ക്ഷമയോടെ സഹിഷ്ണുതയോടെ,  ആത്മസംയമനത്തോടെ, തികഞ്ഞ ഒത്തൊരുമയോടെ റോഡു തിങ്ങി നിറഞ്ഞ് വാഹനങ്ങളില്‍ ജനം നീങ്ങുന്ന കാഴ്ച രോമാഞ്ചജനകമാണ്. Cordially Symbiotic  അഥവാ  Harmonious and tranquil environment  എന്നൊക്ക ഇംഗ്ലീഷുകാരു പറയില്ലേ?  അതു തന്നെ. എന്തൊരൈക്യം എന്തോരു പരസ്പരധാരണ, വിശ്വാസം. ഒരു പക്ഷേ, ബിവറേജസിന്റെ മുന്നിലല്ലാതെ മറ്റെവിടെയെങ്കിലും ഇത്തരത്തിലൊരു വൈകാരികപക്വത കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ നമ്മുടെ റോഡുകളില്‍ മരണപ്പാച്ചിലുകളില്ല,  ഡ്രൈവറന്മാരുടെ മുഷ്‌ക്കില്ല, മര്യാദകേടുകളില്ല. ഡ്രൈവിംഗിന് ഒരു താളമുണ്ട് ശ്രുതിയും ലയവുമുണ്ട്. 
വേണ്ടതിലധികം സമയമുള്ളതിനാല്‍ പോണപോക്കില്‍ത്തന്നെ വാഹനങ്ങളിലിരുന്ന് ആളുകളിപ്പോള്‍ തമ്മില്‍ തമ്മില്‍ കുശലം ചോദിക്കുന്നു. ലോകകാര്യങ്ങള്‍  സംസാരിക്കുന്നു. പരിചയക്കാര്‍ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പങ്കു വയ്ക്കുന്നു. സഹതാപം പ്രകടിപ്പിക്കുന്നു, അനുശോചിക്കുന്നു. സംസാരത്തില്‍ പിശുക്കുള്ളവര്‍ പോലും സോറി, എസ്‌ക്യൂസ് മി തുടങ്ങിയ വാക്കുകള്‍ നിര്‍ല്ലോഭം ഉപയോഗിക്കുന്നു. ചിലര്‍ മുന്‍പരിചയങ്ങള്‍ പുതുക്കുന്നു. മറ്റു പലരും പുതിയ പരിചയങ്ങള്‍ സ്ഥാപിക്കുന്നു. അന്യോന്യം വിശേഷങ്ങള്‍ അറിയുന്നു. ആശംസകള്‍ നേരുന്നു. ചെറുപ്പക്കാര്‍ക്കാണെങ്കില്‍ ഇത് കൊയ്ത്തുകാലം. കണ്ണെറിയാനും കമന്റടിക്കാനും ധാരാളം അവസരങ്ങളും സാവകാശവും ലഭിക്കുന്നു. 
എടുത്തു പറയേണ്ട ഒരു വസ്തുത ഇന്ന് പൊതു വീഥികളില്‍ എല്ലാവരും തുല്യരാണെന്നതാണ്. വലിപ്പച്ചെറുപ്പമില്ല. ഉച്ചനീചത്വങ്ങളില്ല. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ല. മന്ത്രിയും തന്ത്രിയും മജിസ്‌ട്രേട്ടും മത്സ്യവില്പനക്കാരനുമെല്ലാം ഒരുപോലെ. വഴിഭേദമില്ലാതെ കുഴിഭേദങ്ങളില്ലാതെ റോള്‍സ് റോയിസും, മെഴ്‌സിഡസ്സ് ബന്‍സും, ബിഎംഡബ്ലിയുവും ഫിയറ്റും മാരുതിയും നാനോയും  ഹയാബുസയും,  എന്‍ഫീല്‍ഡ് ബുള്ളറ്റും ലാംബിയും ചേതക്കും എംഎയ്റ്റിയുമൊക്ക സ്വച്ഛന്ദസുന്ദരമായി നീങ്ങുന്നതു കാണമ്പോള്‍ നാം സ്വപ്നം കാണുന്ന ദേശീയോദ്ഗ്രഥനം വരുന്ന വഴി ഇതു തന്നെയല്ലേ എന്നു സംശയിച്ചു പോകുന്നു. 
നമ്മുടെ അവശേഷിക്കുന്ന റോഡുകള്‍ കൂടി എത്രയും വേഗം ഗട്ടര്‍ നിറഞ്ഞതാകാന്‍ നമുക്കു കാത്തിരിക്കാം. അങ്ങനെ വലിയൊരു സാമൂഹിക മാറ്റത്തിന് ഗട്ടറുകള്‍ കാരണമാകട്ടെ!  സ്വകാര്യ ആശുപത്രികളുടെയും കോണ്‍ട്രാക്ടറന്മാരുടെയും കുബുദ്ധികളായ ചില നേതാക്കന്മാരുടെയുമൊക്കെ  സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാരിന് റോഡു നന്നാക്കാനുള്ള ദുര്‍ബുദ്ധി തോന്നാതിരിക്കാന്‍ നമുക്കു ഉള്ളു തുറന്നു പ്രാര്‍ത്ഥിക്കാം. വേണ്ടി വന്നാല്‍ അതിന്നായി മുക്കുകളിലും മൂലകളിലുമെല്ലാം പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കുകയുമാവാം.

No comments:

Post a Comment