Saturday 22 December 2018

എൻറെ കടിഞ്ഞൂൽക്കഥ

ന്റെ കടിഞ്ഞൂൽക്കഥ 



ന്റെ കടിഞ്ഞൂൽക്കഥ പൂമ്പാറ്റയിൽ അച്ചടിച്ചു വന്നത് 38 വർഷം മുമ്പ് (1980 ഒക്ടോ.1-15) ഒരു സുഹൃത്തു പറഞ്ഞാണ് അക്കഥ ഞാനറിഞ്ഞത്. എഴുതി തുടങ്ങുന്ന കാലത്ത് ഏതൊരു എഴുത്തുകാരനും  ഉണ്ടായിട്ടുള്ളതു പോലെ എനിക്കും അന്നുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. ആദ്യത്തെ കൺമണി അരുളുന്ന ആനന്ദത്തിന്റെ ആഴം അനുഭവിച്ചിട്ടുള്ളവർക്കല്ലേ അറിയൂ? കാര്യം അങ്ങനെയൊക്കെയാണെങ്കിലും അന്നത്തെ എന്റെയൊരു ഗതികേടു നോക്കണേ! അച്ചടിച്ച കഥ ഭാവനയിൽ കാണാനേ തത്ക്കാലം എനിക്കു നിവൃത്തിയുണ്ടായിരുന്നുള്ളു.  കടിഞ്ഞൂൽ സന്താനത്തെ പുറത്തേയ്ക്കു കൊണ്ടുവരുന്നതും കാത്ത് അസ്വസ്ഥനായി ലേബർറൂമിന്റെ പുറത്ത് ഉലാത്തുന്ന  ഒരു പാവം പിതാവിന്റെ മാനസികാവസ്ഥയിലായിരുന്നു ഞാൻ. എന്താ ചെയ്ക? സ്വന്തമായി പൂമ്പാറ്റ  ഒരെണ്ണം വാങ്ങണമെങ്കിൽ രൂപാ ഒന്നര മുടക്കണം. ദരിദ്രനാരായണന്മാരുടെ കോളേജിൽ പഠിക്കുന്ന എനിക്ക് അന്നത് ബഡ്ജറ്റിലൊതുങ്ങാത്ത കാര്യമായിരുന്നു. തന്നെയുമല്ല ഇത്തിരി വൈകിയാണെങ്കിലും എഴുത്തുകാരന് ഒരു കോപ്പി സൌജന്യമായി അയച്ചു കിട്ടുമെന്നും എനിക്കറിയാമായിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ വാങ്ങുന്നത് അധികപ്പറ്റാവുകയില്ലേ?
 ഒരു കടയിൽ തൂങ്ങിയ പൂമ്പാറ്റ കട്ടു മറിച്ചു നോക്കിയാണ് ആദ്യമായി ആ പേജ്  ഞാൻ ഒരു നോക്കു കണ്ടത്. എത്ര മറിച്ചിട്ടും പ്രസ്തുത പേജ് കാണാതെ ഞാൻ  ആദ്യമൊന്നു വിഷമിച്ചു. അവസാനം എൺപതാമത്തെ പേജിലാണ് ആ ദർശനപുണ്യം സാധ്യമായത്. മകരവിളക്കു കണ്ട കന്നി അയ്യപ്പന്റെ അവസ്ഥ. സത്യം പറയാമല്ലോ കോരിത്തരിച്ചു പോയി. ദേ !  ഇപ്പോൾ ഇതെഴുമ്പോഴും രോമാഞ്ചം.
രണ്ടു പക്ഷികളുടെ മുഖചിത്രമുള്ള ആ പൂമ്പാറ്റ പിന്നീട് ഏതു കടയിൽ കണ്ടാലും പതുക്കെ അടുത്തുകൂടി കടക്കാരനറിയാതെ സൂത്രത്തിലൊന്നു വിടർത്തി നോക്കുന്നത് ഞാനോരു (ദുഃ)ശീലമാക്കി. ആ പേജും അതിൽ അച്ചടിച്ചിരിക്കുന്ന സ്വന്തം പേരും കാണുമ്പോൾ അന്നു തോന്നിയ ആ അനുഭൂതി- ഹാവൂ! അതൊന്നു വേറെ തന്നെ.
 പൂമ്പാറ്റ വാങ്ങാതെ തത്ക്കാലം ആശയടക്കിയെങ്കിലും അധികദിവസം പിടിച്ചു നില്ക്കാൻ എനിക്കു കഴിഞ്ഞില്ല. സഹികെട്ടപ്പോൾപ്പിന്നെ വരുംവരായ്കകളെക്കുറിച്ചോ  ഓവർഡ്രാഫ്റ്റിനെക്കുറിച്ചോ ഒന്നും ചിന്തിച്ചില്ല. രണ്ടും കല്പിച്ച് ആകെ കൈവശമുണ്ടായിരുന്ന വർക്കിംഗ് ഫണ്ടായ രണ്ടു രൂപയിൽ നിന്ന് ഒന്നര രൂപ എടുത്തങ്ങു ചിലവാക്കി. അങ്ങനെ സ്വർണ്ണപ്പൂമ്പാറ്റ കരഗതമായി.  പിന്നെ മറ്റാരും ശ്രദ്ധിക്കാത്ത  ഒരിടത്ത് മാറി നിന്ന് പ്രസ്തുത പേജെടുത്ത് മതി വരുവോളം നോക്കി നിർവൃതി കൊണ്ടു. പുതിയ പാഠപുസ്തകം കിട്ടുമ്പോൾ ചെയ്യാറുള്ളതുപോലെ ഒന്നു വാസനിച്ചു നോക്കാതെയുമിരുന്നില്ല. പിന്നെ സ്വൈരമായിരുന്ന് സ്വന്തം കഥ അക്ഷരം വിടാതെ എത്ര ആവർത്തി വായിച്ചുവെന്ന് ഓർമ്മയില്ല. വായിക്കുന്നതിനിടയിൽത്തന്നെ വലിയ അക്ഷരത്തിൽ അച്ചടിച്ച സ്വന്തം പേരിലേയ്ക്ക് ഇടയ്ക്കിടയ്ക്ക് ഏറുകണ്ണിട്ടു നോക്കിയിരുന്നു. വായനക്കാരുടെ കണ്ണകൾ ആ പേരിലേയ്ക്ക് സ്വാഭാവികമായി എത്തുവാനുള്ള സാധ്യതകൾ മറിച്ചും തിരിച്ചും പലരീതിയിൽ നോക്കിയും വായിച്ചും പരീക്ഷിച്ചു നോക്കി.
എല്ലാം കഴിഞ്ഞപ്പോഴാണ് ഒരു വലിയ പ്രശ്നം എന്റെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടിലെത്താനുള്ള വണ്ടിക്കൂലിയിൽ പത്തു പൈസയുടെ കുറവുണ്ട്. സ്റ്റുഡൻസ് ടിക്കറ്റാണ്. തൃപ്പൂണിത്തറയിൽ നിന്ന് നാട്ടിലെത്താൻ S.T. 60 പൈസ വേണം. കയ്യിലിനി 50-ന്റെ ഒരു തുട്ടു മാത്രം.  കടം വാങ്ങാനും വഴിയിയില്ല. സുഹൃത്തുക്കളെല്ലാം പിരിഞ്ഞു. പതിവു വണ്ടിയും പോയി. എന്തു ചെയ്യും?
പിന്നെ അധികം ആ ലേചിച്ചിക്കാനൊന്നും നിന്നില്ല.  ആരക്കുന്നം പേപ്പതി കൂടി നേരേ പിറവം പോകുന്ന ബസ്സിൽ ചാടിക്കയറി. പിറവത്തിറങ്ങി നടരാജൻ വണ്ടിക്ക് നാട്ടിലേയ്ക്ക് വച്ചു പിടിച്ചു. കാളവണ്ടിയുഗം അവസാനിച്ചിട്ട് അന്ന് അധികകാലമായിട്ടില്ലല്ലോ?  ഒരു ലിഫ്റ്റു കിട്ടാനുള്ള സാധ്യത  ഒരു ശതമാനം മാത്രം.  കക്ഷത്തിലിരിക്കുന്ന പൂമ്പാറ്റയായിരുന്നു എനിക്ക് ഊർജം പകർന്നത്.
പൂമ്പാറ്റയുമൊത്ത് പത്തു പന്ത്രണ്ട് കിലോമീറ്റർ ഞാൻ അനായാസം പറന്നു. നാട്ടുകാരൊക്കെ അതിനകം പൂമ്പാറ്റ വായിച്ചിട്ടുണ്ടാകുമെന്നായിരുന്നു എന്റെ വിചാരം. അതുകൊണ്ടാവാം വഴിയിൽ കണ്ടവരെയും പുഞ്ചിരിച്ചവരെയുമൊക്കെ ഞാൻ ഒരു പ്രത്യേക രീതിയിൽ വീക്ഷിച്ചത്. ശബ്ദം പുറത്തു വന്നിരുന്നില്ലെങ്കിലും കാണുന്നവരോടൊക്കെ ഞാൻ ചോദിക്കും. അല്ല, എന്നെ മനസ്സിലായില്ലേ? ഞാനാണ് കഴിഞ്ഞലക്കം പൂമ്പാറ്റയിൽ ....
പൂമ്പാറ്റയിൽ കഥ എഴുതിയ ആളാണല്ലേ?” - എന്നിങ്ങനെ ചോദ്യഭാവത്തിൽ ആളുകളെന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.  എന്റെയൊരു മണ്ടത്തരം നോക്കണേ!
പൂമ്പാറ്റയിൽ കഥ വായിച്ചു കേട്ടോ! അസ്സലായിട്ടുണ്ട് എന്ന് പരിചയക്കാർ ആരെങ്കിലുമൊക്കെ പറയുമെന്നാണ് സ്വന്തം പഞ്ചായത്തിലെത്തിയപ്പോൾ ഞാൻ  കരുതിയത്. എവിടെ? ഒന്നും സംഭവിച്ചില്ല.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു പൂമ്പാറ്റ പോസ്റ്റലായി എന്‍റെ വീട്ടിലേയ്ക്ക് പറന്നു വന്നു. സന്തോഷം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തിയത് കഥയ്ക്കുള്ള പ്രതിഫലമായി പതിനഞ്ചു രൂപ മണിയോർഡർ ലഭിച്ചപ്പോഴാണ്. എന്റെ താത്ക്കാലിക കടങ്ങളൊക്കെ തീർക്കാൻ ആ തുക ധാരാളമായിരുന്നു.  പോസ്റ്റുമാന് രണ്ടുരൂപ ടിപ്പു കൊടുത്താലെന്ത്?



ആദ്യകഥ താഴെ വായിക്കാം


No comments:

Post a Comment